ഗുരുവായൂരപ്പന്‍റെ കാണിക്ക ഇനി ഇ പേയ്മെന്റ് ചെയ്യാം; ഇ- ഭണ്ഡാരങ്ങൾ റെഡി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ-ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ചുമതല വഹിക്കുന്ന ജനറൽ മാനേജർ ടി.ശിവദാസ് എന്നിവർ ചേർന്നാണ് ഭണ്ഡാരസമർപ്പണം നടത്തിയത്.

ഡിജിറ്റൽ യുഗത്തിൽ പേപ്പർലെസ് പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കാളികളാകുകയാണെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. എസ്ബിഐ ജനറൽ മാനേജർ ടി ശിവദാസ് 1001 രൂപ  ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി സമർപ്പിച്ചു.    

എസ്.ബി.ഐ.യുമായി സഹകരിച്ച് കിഴക്കേ ഗോപുരത്തിന്‍റെ കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലുമായാണ് രണ്ട് ഇ-ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം.  യുപിഐ പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടി എം, ഭീം പേ എന്നിവയുൾപ്പെടെ ഏത് മാർഗങ്ങളിലൂടെയും ക്യുആർ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാൻ കഴിയും.