ഗ്യാന്‍വാപി കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്യാനുള്ള ഉത്തരവിന്‍റെ സാധുത സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് നീട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഇതോടെ, പള്ളിയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തെ സംരക്ഷിക്കാനുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. നിലവിലെ സാഹചര്യം അംഗീകരിക്കാൻ ഹിന്ദു, മുസ്ലീം സംഘടനകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഗ്യാന്‍വാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്യാൻ കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്ഥലത്തിന്‍റെ സുരക്ഷ ഏറ്റെടുക്കാൻ വാരണാസി ജില്ലാ കോടതിക്ക് നിർദേശവും നൽകിയിരുന്നു. ഉത്തരവിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെയുള്ള ഉത്തരവിന്‍റെ സാധുത അനിശ്ചിത കാലത്തേക്ക് നീട്ടിയത്.