ഗ്യാന്‍വാപി വിധി ; 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി ജില്ലാ കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ.
പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ നിലനിൽക്കുമെന്നും അവ നിയമവിരുദ്ധമല്ലെന്നുമാണ് കോടതി വിധിച്ചത്. നിയമത്തെ ജുഡീഷ്യറിയിലെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ ചരിത്രത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാണ്. ഇന്നത്തെ പള്ളികൾ ക്ഷേത്രങ്ങൾ തകർക്കപ്പെട്ട സ്ഥലങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന വാദം മതവികാരം ഇളക്കിവിടാനും വർഗീയ അജണ്ടയ്ക്ക് വേണ്ടിയും കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.