ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. അപകടത്തില്‍ 40 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. പാലത്തിലുണ്ടായിരുന്ന നിരവധി പേർ പുഴയിൽ വീണതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പാലത്തിലും പരിസരത്തുമായി 400 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. അഞ്ച് ദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ പാലമാണ് തകർന്നത്. നൂറോളം പേര്‍ നദിയില്‍ വീണതായാണ് റിപ്പോർട്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോര്‍ബിയിലെ തൂക്കുപാലം ചരിത്രനിര്‍മിതി എന്ന നിലയില്‍ ഏറെ പ്രസിദ്ധമാണ്. പുനുരുദ്ധാരണത്തിനു ശേഷം നാലുദിവസം മുന്‍പ്, ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഇത് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്.