‘ഹര്‍ ഘര്‍ തിരംഗ’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി സി.പി.ഐ.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വസതിയിൽ ദേശീയപതാക ഉയർത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് വീട്ടിൽ ദേശീയപതാക ഉയർത്തിയത്. സർക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ വിമർശിക്കുന്നത് രാജ്യദ്രോഹപരമായിരിക്കെ ദേശീയപതാക ഉയർത്തി ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് കാണിക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. ഓരോ പൗരനും സ്വാതന്ത്ര്യത്തിന്‍റെ മൂല്യം മനസ്സിലാക്കണം.

അതിനാൽ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥിതിസമത്വവും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരേണ്ട സമയമാണിതെന്നും ജയരാജൻ പറഞ്ഞു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നേടാനായി നിരവധി ധീരാത്മാക്കൾ ജീവൻ ബലിയർപ്പിക്കുകയും ജയിലുകളിൽ വലിയ ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് പി ജയരാജൻ പറഞ്ഞു.