ഹർത്താല്‍: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സൈബർ പട്രോളിംഗ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർത്താൽ ദിനത്തിൽ ആളുകളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ,സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, എന്നിവയ്ക്ക് മതിയായ സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എൻ.ഐ.എ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ മാത്രമേ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കൂ. ഹർത്താലിനോട് അനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.