രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘ഹല്ല ബോൽ’ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വിഭജിക്കുകയാണ്. അവർ ഭയം ജനിപ്പിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഈ ഭയത്തിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുക? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ കോൺഗ്രസ് റാലിയിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികളാണ് റോഡുകളും വിമാനത്താവളങ്ങളും ഓരോന്നായി വാങ്ങുന്നത്. അവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിക്കുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നു. പാകിസ്താനും ചൈനയും അതിന്‍റെ പ്രയോജനം കൊയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.