വിഴിഞ്ഞം ഹർജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമ്മാണ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. സമരം ഒത്തുതീർപ്പാക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഹർജി അവസാനിപ്പിച്ചതായി ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം സർക്കാരുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പാക്കിയത്. പദ്ധതി പ്രദേശത്തിന് മുന്നിൽ പ്രതിഷേധക്കാർ സ്ഥാപിച്ച പന്തൽ പൊളിച്ചുനീക്കി. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.

പദ്ധതിക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഇരു കക്ഷികളും സമർപ്പിച്ച ഹർജി കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.