കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
പദ്ധതി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക? നിലവിലില്ലാത്ത ഒരു പ്രോജക്റ്റിന് വേണ്ടിയാണോ ഇതെല്ലാം ചെയ്തത്? എന്നീ ചോദ്യങ്ങൾ കോടതി ചോദിച്ചു. ഒരു പേര് നൽകിയാൽ, അത് ഒരു പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, ആവർത്തിച്ച് കത്തയച്ചിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ കെ-റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കാണിച്ച് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ലൈനിന്‍റെ അലൈൻമെന്‍റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നിവയുടെ വിശദാംശങ്ങൾ ഇനിയും നൽകിയിട്ടില്ല.