വിസിമാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്നു. വിസിമാർക്ക് തൽക്കാലം പദവിയിൽ തന്നെ തുടരാമെന്നാണ് ഉത്തരവ്. എല്ലാവരുടെയും വാദങ്ങൾ ചാൻസലർ പരിഗണിക്കണമെന്നും, രാജി ആവശ്യപ്പെട്ടതിൽ ചാൻസലർ തിടുക്കം കാട്ടിയെന്നും കോടതി നിരീക്ഷിച്ചു.

സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു.

നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, വിസിമാരെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ ഇതിന് സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം, അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂവെന്നും വിസിമാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ എന്തിനു കക്ഷിയാക്കിയതെന്ന് കോടതി ചോദിച്ചപ്പോൾ ആരുടെയും പക്ഷംപിടിക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യകതമാക്കി.