‘പടവെട്ട്’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പീഡനക്കേസിലെ പ്രതി ലിജു കൃഷ്ണ സംവിധാനം ചെയ്ത ‘പടവെട്ട്’ എന്ന സിനിമയുടെ പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായ യുവതി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്ക്കെതിരെ ക്രിമിനൽ കേസുണ്ടെന്നും വിചാരണ കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധമില്ലെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരും സെൻസർ ബോർഡും വ്യക്തമാക്കി. ഇത് കണക്കിലെടുത്ത് ജസ്റ്റിസ് വി.ജി അരുൺ ആണ് ഹർജി തള്ളിയത്. യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തെ തള്ളിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ പറഞ്ഞു.

നിവിൻ പോളി നായകനായ പടവെട്ടിന്‍റെ തിരക്കഥയിലടക്കം വിലപ്പെട്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയിട്ടുണ്ടെന്നും ഇതിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്ത് ലിജു കൃഷ്ണ ചിത്രം റിലീസ് ചെയ്യുന്നത് അനീതിയാണെന്നും യുവതി ആരോപിക്കുന്നു.