സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിൽ നിന്ന് ഗവർണറെ വിലക്കി ഹൈക്കോടതി
കൊച്ചി: സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കേരള ഹൈക്കോടതി ഇടപെട്ടു. പുറത്താക്കപ്പെട്ടവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്ന് ഗവർണറെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അംഗങ്ങൾ നൽകിയ ഹർജിയിലാണ് നടപടി.
വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി നേരത്തെ ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം രജിസ്ട്രാർ കൈമാറിയിരുന്നു.
ഗവർണറുടെ നിർദേശമുണ്ടായിട്ടും സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനെ തുടർന്ന് രാജ്ഭവൻ തന്നെ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് അസാധാരണമായ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലവിലെ വി.സി മഹാദേവൻ പിള്ള തിങ്കളാഴ്ച വിരമിക്കും. അടുത്ത സെനറ്റ് യോഗം താൽക്കാലിക ചുമതല ലഭിക്കുന്ന വി.സിയുടെ അധ്യക്ഷതയിലാവും.