നിദ ഫാത്തിമയുടെ മരണത്തിൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സമാന്തര സംഘടനയുടെ സെക്രട്ടറി പ്രവീൺ ചന്ദ്രനോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ ഉത്തരവ്.

കോടതി ഉത്തരവോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കളിക്കാർക്ക് താമസസൗകര്യങ്ങളോ ഭക്ഷണസൗകര്യങ്ങളോ നൽകാൻ അഖിലേന്ത്യാ ഫെഡറേഷൻ തയ്യാറാകുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത സമാന്തര സംഘടനയിലെ വിദ്യാർത്ഥികളാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കോടതിയലക്ഷ്യ ഹർജി ജനുവരി 12ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.