ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണത്തിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്‍റെ നിർമാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്‍റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ. ഷോൺ ജോർജ്ജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കിഫ്ബി പദ്ധതി പ്രകാരം 63.99 കോടി രൂപ അനുവദിച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 2016 ൽ അനുമതി നൽകിയെങ്കിലും സ്ഥലമെടുപ്പ് നടപടികൾ വൈകുന്നത് കാരണം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് റോഡിന്‍റെ ടാറിംഗ് ജോലികൾക്കായി 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം വാദം കേൾക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു.