ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയനാണ് ഹർജി നൽകിയത്.
റോഡിലെ പ്രധാന ഭാഗം പിടിച്ചെടുത്താണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. പകരം റോഡിന്‍റെ ഒരു ഭാഗം മാത്രം യാത്രയ്ക്കായി നൽകി മറ്റ് വഴികളിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് പണം ഈടാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, എറണാകുളം ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ പര്യടനം ഇന്ന് സമാപിക്കും. രാവിലെ 6.30ന് ആലുവയിൽ നിന്ന് യാത്ര ആരംഭിക്കും. 10.30 ഓടെ കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലിയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പദയാത്രയ്ക്കിടെയുള്ള രാഹുലിന്‍റെ ആദ്യ വാർത്താ സമ്മേളനമാണിത്. ഇതിന് ശേഷം സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് യാത്ര തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കും. പദയാത്രയുടെ ഭാഗമായി രാവിലെ മുതൽ ആലുവ, അങ്കമാലി ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.