സംരംഭകത്വം വളർത്താൻ എച്ച്‌ഡിഎഫ്‌സി ബാങ്കും കേരള സ്റ്റാർട്ടപ്പ് മിഷനും; ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് കമ്മ്യൂണിറ്റിയുമായി കൂടുതൽ ആഴത്തിൽ ഇടപഴകുന്നതിനും സംസ്ഥാനത്ത് സംരംഭകത്വം ഉത്തേജിപ്പിക്കുന്നതിനുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ച് കേരള സർക്കാരിൻ്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനും എച്ച്ഡിഎഫ്സി ബാങ്കും. സ്‌മാർട്ട്-അപ്പ് എന്നറിയപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ പ്രത്യേക സേവനങ്ങളും സൗകര്യങ്ങളും ബാങ്ക് കെ.എസ്.യു.എമ്മുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കും.
ഈ സഹകരണത്തിലൂടെ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ നൂതനാശയങ്ങളെയും സംരംഭകത്വത്തെയും പിന്തുണയ്ക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബാങ്കുകളുടെ നയങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി വായ്പകളും നിക്ഷേപങ്ങളും നൽകുന്നതിന് കെ.എസ്.യു.എം റഫർ ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ വിലയിരുത്തും. കേരള, എറണാകുളം സർക്കിൾ ഹെഡ് രാജേഷ് കൃഷ്ണമൂർത്തി, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മറ്റ് മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.