സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

ന്യൂ ഡൽഹി: എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും. പലിശ നിരക്ക് 50 ബേസിസ് പോയിന്‍റ് വരെ വർധിപ്പിച്ചിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സാധാരണ നിക്ഷേപകർക്ക് 3 % മുതൽ 6.25 % വരെയാണ് പലിശ. അതേസമയം, മുതിർന്ന പൗരൻമാർക്ക് സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 50 ബേസിസ് പോയിന്‍റുകളുടെ അധിക പലിശ ലഭിക്കും. അതായത് പലിശ 3.5 % മുതൽ 6.95 % വരെയാണ്.

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കാലാവധിയുള്ള രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 3 % പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3 % ആണ് പലിശ. ഒന്നര മാസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 % പലിശ ലഭിക്കും. രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനമാണ് പലിശ. മൂന്ന് മാസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും.