ഗുജറാത്തില്‍ സ്വതന്ത്രരായി പത്രിക നല്‍കി; 7 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ബിജെപി. ഏഴ് പേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കാൻ പദ്ധതിയിട്ടിരുന്നവർ ആണ് നടപടി നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ ഏഴ് പേരും സീറ്റ് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വഴങ്ങിയില്ല.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഈ എംഎൽഎമാരെ ആറ് വർഷത്തേക്ക് ബിജെപി സസ്പെൻഡ് ചെയ്തുവെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സി.ആർ പാട്ടീൽ വ്യക്തമാക്കി. ഹർഷദ് വാസവ, അരവിന്ദ് ലദാനി, ഛത്രസിംഗ് ഗുഞ്ജരിയ, കേതൻഭായ് പട്ടേൽ, ഭാരത് ഭായ് ചാവ്ഡ, ഉദയ്ഭായ് ഷാ, കരന്‍ ഭായ് ബരയ്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അധികാര തുടർച്ച എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. 42 സിറ്റിംഗ് എം.എൽ.എമാർക്ക് ഇത്തവണ ഗുജറാത്തിൽ മത്സരിക്കാൻ പാർട്ടി അനുമതി നല്‍കിയിരുന്നില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച 160 സ്ഥാനാർത്ഥികളിൽ 38 സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരും പുറത്തായവരിലുണ്ട്.