മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടു; റൊണാൾഡോയ്ക്കെതിരെ അച്ചടക്കനടപടി
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കേതിരെ അച്ചടക്കനടപടി. ശനിയാഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. പരിശീലകൻ എറിക് ടെൻ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്.
മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു സംഭവം. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓൺ സമയമാണ് റഫറി നൽകിയിരുന്നത്. എന്നാൽ ഫൈനൽ വിസിലിന് കാത്തുനിൽക്കാതെ റൊണാൾഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു. സീസണില്‍ രണ്ടാം തവണയാണ് റൊണാള്‍ഡോ ഇത്തരത്തിൽ ഇറങ്ങിപ്പോകുന്നത്. റൊണാൾഡോയുടെ ഈ പ്രവർത്തിക്ക് കർശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകൾ കോച്ച് എറിക് ടെൻ ഹാഗ് നൽകിയിരുന്നു. ‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോൾ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു മത്സരശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ടെൻ ഹാഗ് പ്രതികരിച്ചത്.
ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു. ഇന്ന് നടന്ന പരിശീലനത്തിൽ റൊണാൾഡോ ടീമിനൊപ്പം ചേർന്നിരുന്നില്ല. താരം ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്.