വീടുനുള്ളിൽ നമസ്കരിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസെടുത്ത് പോലീസ്
ലക്നൗ: വീടിനുള്ളിൽ നമസ്കാരം നടത്തിയതിന് ഉത്തർപ്രദേശിൽ 26 പേർക്കെതിരെ കേസെടുത്തു. പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഓഗസ്റ്റ് 24ന് ഛജ്‌ലെറ്റ് പ്രദേശത്തെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലെ രണ്ട് വീടുകളിൽ കുറച്ച് ആളുകൾ നമസ്കാരം നടത്താൻ ഒത്തുകൂടി. ഇതിനെതിരെ അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി മൊറാദാബാദ് എസ് പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു.
നിയമവിരുദ്ധമായ കൂട്ടം ചേരലിനും സ്പര്‍ധ ഉണ്ടാക്കിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 (2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടുടമസ്ഥർക്കെതിരെയും കേസെടുത്തതായി എസ്.പി പറഞ്ഞു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തി. “അയൽവാസികളിൽ ഒരാൾക്ക് 26 സുഹൃത്തുക്കളും ബന്ധുക്കളും ഉള്ള ഒരു ഹവാൻ ഉണ്ടെങ്കിൽ അത് തികച്ചും സ്വീകാര്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്. അതൊരു വലിയ കൂട്ട നമസ്കാരമല്ല” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.