ഒപ്പമുണ്ടായിരുന്നത് ഭാര്യ എന്ന് പറഞ്ഞ് മടക്കി; എൽദോസിനെതിരെ പൊലീസിൻ്റെ മൊഴി

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻ്റിൽ വച്ച് എം.എൽ.എ തന്നെ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. യുവതി ബഹളം വച്ചപ്പോൾ നാട്ടുകാർ എത്തി വിവരമറിയിച്ചതോടെ രണ്ട് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്നത് ഭാര്യയാണെന്ന് പറഞ്ഞാണ് എം.എൽ.എ പൊലീസുകാരെ തിരിച്ചയച്ചത്.

അന്ന് സ്ഥലത്തെത്തിയ പൊലീസുകാർ ഇക്കാര്യം മൊഴി നൽകി. എൽദോസ് ഇപ്പോഴും ഒളിവിലാണ്. പരാതിക്കാരിയുമായി തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരിക്കൊപ്പം അന്വേഷണ സംഘം ഇന്ന് പെരുമ്പാവൂരിൽ പോയി തെളിവെടുപ്പ് നടത്തിയേക്കും. പെരുമ്പാവൂരിലെ വീട്ടിൽ വച്ചും എൽദോസ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനക്കേസിന് പുറമെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള വകുപ്പുകളും എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്.

പുതിയ വകുപ്പുകൾ ചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കോവളത്ത് പരാതിക്കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻ്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി മൊഴിയിൽ പറയുന്നു.