കര്‍ണാടകയില്‍ ചേരാന്‍ അനുവദിക്കണം; ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍

പുണെ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടകത്തിൽ ലയിക്കാൻ അനുവദിക്കണമെന്ന് ശിവസേന (ഷിന്‍ഡെ)-ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു.

അതിർത്തി തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിലേക്കുള്ള എം.എസ്.ആർ.ടി.സി ബസ് സർവീസ് മഹാരാഷ്ട്ര നിർത്തിവച്ചു. കർണാടകയിൽ ബസുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായി.

പതിറ്റാണ്ടുകൾ പഴക്കമുള്ള അതിർത്തി തർക്കം വീണ്ടും ഉയർന്നുവരുന്നതിനിടെയാണ് ഈ പുതിയ ആവശ്യം ഉയർന്നുവരുന്നത്. കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്.