വടക്കൻ എമിറേറ്റുകളിൽ ആരോഗ്യ ഇൻഷുറൻസ് മാർച്ച് മുതൽ
അബുദാബി: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. 2023 മുതൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് സാമൂഹിക തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ അബുദാബി, ദുബായ് എമിറേറ്റ് വിസ ഉടമകൾക്ക് മാത്രമാണ് നിർബന്ധമെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കമ്പനികളും ജീവനക്കാർക്ക് ഇൻഷുറൻസ് നൽകുന്നുണ്ട്. ചില കമ്പനികൾ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
പുതിയ തീരുമാനത്തോടെ, പോളിസി എടുക്കാൻ വരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്നും എല്ലാ കമ്പനികളുടെയും പ്രക്രിയ മാർച്ചോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു. ദുബായ്, അബുദാബി എമിറേറ്റുകളിൽ 650 ദിർഹം മുതൽ 3,000 ദിർഹം വരെ പ്രീമിയം വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത പ്ലാനുകൾ ഉണ്ടെങ്കിലും, വടക്കൻ എമിറേറ്റുകളിൽ പ്രീമിയം ആരംഭിക്കുന്നത് 400 ദിർഹം മുതലാണ്.