‘ശൈലജയുടെ സൽപ്പേര് നശിച്ചു ; വീണയ്ക്ക് ഫോണിനോട് അലർജി’
പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനം. മന്ത്രിക്ക് ഫോണിനോട് അലർജിയുണ്ടെന്നും ഔദ്യോഗിക നമ്പറിൽ വിളിച്ചാലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. മന്ത്രിക്ക് വകുപ്പിന് മേൽ യാതൊരു നിയന്ത്രണവുമില്ല. മുൻ മന്ത്രി കെകെ ശൈലജയുടെ നല്ല പേര് പോയി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും വിമർശനമുയർന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകൾ നടത്താറില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അടൂരിൽ നിന്നുള്ള എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ നേരത്തെ പറഞ്ഞിരുന്നു. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നുണകളും ആരോപണങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് പിന്നീട് തിരിച്ചടിച്ചിരുന്നു.
സംഘടനാ റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെയും രൂക്ഷവിമർശനമുണ്ട്. എൽ.ഡി.എഫ് ജില്ലാ സമ്മേളനങ്ങളിൽ കൂടിയാലോചനകളില്ല. സി.പി.ഐയോട് ശത്രുതാപരമായാണ് ജനീഷ് കുമാർ എം.എൽ.എ പെരുമാറുന്നത്. അങ്ങാടിക്കലിൽ സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടായില്ല എന്നിങ്ങനെയാണ് വിമർശനങ്ങൾ.