ചൈനയിൽ താപതരംഗം രൂക്ഷം; പ്ലാന്റുകൾ അടച്ച് വ്യവസായികൾ

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ ശക്തമായ താപതരംഗം. അധികൃതർ ഇത് മൂലമുണ്ടായ ഊർജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി വീടുകൾ, ഓഫീസുകൾ, മാളുകൾ എന്നിവയിലേക്കുള്ള വൈദ്യുതി പരിമിതപ്പെടുത്തി. 54 ലക്ഷം ജനസംഖ്യയുള്ള ഒരു പ്രവിശ്യയാണ് സിച്വാൻ. സാധാരണയായി ഊർജ്ജ പ്രതിസന്ധി ഉണ്ടാകുമ്പോൾ, വ്യവസായങ്ങൾക്കും ബിസിനസുകൾക്കുമുള്ള വൈദ്യുതി വിതരണം പരിമിതപ്പെടുത്തി വീടുകളിലേക്ക് ഊർജ്ജ വിതരണം ഉറപ്പാക്കുകയാണ് ചൈന ചെയ്യാറുള്ളത്. എന്നിരുന്നാലും, ഇത്തവണ കടുത്ത പ്രതിസന്ധി ഉണ്ടായതിനാൽ, റെസിഡൻഷ്യൽ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 26 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ വീടുകളിലെ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാൻ ചൈനീസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലിഫ്റ്റുകൾക്ക് പകരം കഴിയുന്നത്ര ഗോവണികൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.

രാത്രിയിൽ ലേസർ ഷോകൾ പോലുള്ള ആഘോഷപരിപാടികളും രാത്രി വാണിജ്യ പരിപാടികളും താൽക്കാലികമായി നിർത്തി വയ്ക്കാനും സർക്കാർ കർശന ഉത്തരവ് നൽകി. കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ ഉഷ്ണതരംഗമാണ് സിച്വാനിൽ അനുഭവപ്പെട്ടത്. സിച്വാനിലെ വൈദ്യുതിയുടെ 80 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് വരുന്നത്. അതിനാൽ, ഉഷ്ണതരംഗം പ്രവിശ്യയിലെ ഊർജ്ജ മേഖലയെ നേരിട്ട് ബാധിച്ചു. വർദ്ധിച്ചുവരുന്ന താപനിലയും മഴയുടെ കുറഞ്ഞ അളവും ജലവൈദ്യുത പദ്ധതികളുടെ ഉൽപാദനത്തിൽ വലിയ കുറവിന് കാരണമായി.

ലിഥിയം, മറ്റ് ലോഹങ്ങൾ, വളങ്ങൾ എന്നിവയുടെ ഉൽപാദന വ്യവസായം സിച്വാൻ പ്രവിശ്യയിൽ ശക്തമാണ്. ഊർജ്ജ നിയന്ത്രണത്തിന്‍റെ ഭാഗമായി ഈ വ്യവസായങ്ങൾക്ക് വൈദ്യുതി വിതരണം കുറഞ്ഞത് ഈ മേഖലയിൽ മന്ദിപ്പിനു കാരണമായിട്ടുണ്ട്. ഉഷ്ണതരംഗം ശക്തമായി തുടരുകയാണെങ്കിൽ സിച്വാൻ കൂടാതെ മറ്റ് കിഴക്കൻ പ്രവിശ്യകളായ ഷീജിയങ്, ജിയാങ്‌സു തുടങ്ങിയവയും ബാധിക്കപ്പെട്ടേക്കാമെന്ന് ശക്തമായ മുന്നറിയിപ്പുണ്ട്. അതേസമയം, ഓട്ടോമൊബൈൽ മേഖലയിലെ വലിയ കമ്പനിയായ ടൊയോട്ടയും ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമ്മാതാക്കളിൽ ഒരാളായ ആംപെറെക്സ് ടെക്നോളജിയും സിച്വാനിലെ പ്ലാന്‍റുകൾ അടച്ചു. സിച്വാൻ പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലെ ഫാക്ടറിയാണ് ടൊയോട്ട അടച്ചത്.