ഒമാനിൽ വിവിധയിടങ്ങളിൽ കനത്ത മഴ; പോലീസ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

മസ്കറ്റ്: ഒമാനിൽ പലയിടത്തും കനത്ത മഴ. മഴയെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മുതൽ ഒമാന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. മസ്കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴയും കാറ്റും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, നോർത്ത് ബത്തിന, ബുറൈമി ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 

തിങ്കൾ മുതൽ ബുധൻ വരെ വടക്കൻ ഗവർണറേറ്റുകളിൽ 10 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും, വാദികള്‍ കവിഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടാകാം. തിരമാലകൾ 2.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.