മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ട് പിൻവലിച്ചു, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മലപ്പുറം, പാലക്കാട്, ഇടുക്കി, ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. എന്നാല്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കുറയാനാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നൽകുകയിരുന്നു. അതേ സമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദം അതിതീവ്ര ന്യൂന മർദമായി മാറി. എന്നാൽ ഇത് കേരളത്തിൽനിന്ന് വളരെ അകലെയാണ് ഉള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
