ഖത്തറിൽ മഴയ്ക്ക് സാധ്യത; വാരാന്ത്യത്തിൽ മഴ ലഭിച്ചേക്കും

ദോഹ: ഈ വാരാന്ത്യത്തിൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞും തുടർന്ന് പ്രാദേശിക മേഘങ്ങളാൽ നിറഞ്ഞ ചൂടുള്ള പകലുമാകും അനുഭവപ്പെടുക.

രാജ്യത്തെ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദൃശ്യപരത പ്രധാനമായും 4-8 കിലോമീറ്ററായിരിക്കും. ചില സ്ഥലങ്ങളിൽ ഇത് 3 കിലോമീറ്ററോ അതിൽ കുറവോ ആകാം.

വെള്ളിയാഴ്ച തെക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ശനിയാഴ്ച, കാറ്റിന്‍റെ സഞ്ചാര പാത തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് മാറും.