സംസ്ഥാനത്ത് നാളെ മഴ സാധ്യത ശക്തം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്ത് തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വീണ്ടും വർധിച്ചു. തെക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കയിലെ ട്രിങ്കോമാലി വഴി തീരത്ത് പ്രവേശിച്ച ശേഷം കൊമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി ഡിസംബർ 26ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ജാഗ്രതാ നിർദേശം

27-12-2022ൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
28-12-2022ൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
27-12-2022ൽ മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. 
28-12-2022ൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
നിലവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ 27-12-2022ന് മുമ്പ് സുരക്ഷിത തീരത്ത് എത്തണം.