തമിഴ്നാട്ടിൽ കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കടലൂർ, ചെങ്കൽപ്പെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, മയിലാടുതുറൈ, തിരുവാരൂർ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കൽപ്പെട്ട് അടക്കം നിരവധി ജില്ലകളിൽ റെഡ് അലർട്ട് ആണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. തീവ്രമഴ മുന്നറിയിപ്പുള്ള ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി അയച്ചെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
