കൊച്ചിയിൽ കനത്ത മഴ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലുണ്ടായ വെള്ളക്കെട്ടും സിഗ്നൽ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാണ് സർവീസ് നടത്തിയത്. മംഗള എക്സ്പ്രസ് എറണാകുളം നഗരത്തിൽ സർവീസ് നിർത്തി. എറണാകുളം ടൗൺ സ്റ്റേഷൻ വഴിയാണ് പരശുറാം കടന്നുപോകുന്നത്. ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴ മൂലമുണ്ടായ ദുരിതം പല ജില്ലകളിലും രൂക്ഷമാണ്. ഇടമലയാർ, കക്കി, ബാണാസുരസാഗർ, പൊൻമുടി, ഷോളയാർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.