ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു; 12 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 12 പേരാണ് മഴക്കെടുതിയിൽ മരണമടഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. മഴവെള്ളം നിറഞ്ഞ തടാകത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എട്ട് വയസിനും 13 നും ഇടയിൽ പ്രായമുള്ളവരായിരുന്നു കുട്ടികൾ.

ഡൽഹിയിലെ ലാഹോറിഗേറ്റില്‍ വീട് തകർന്ന് വീണ് നാല് വയസുകാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ സുന്ദർഗഡിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശിലും ഇടിമിന്നലേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്തു.