സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; വടക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നു
തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന്‍റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്.
ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ,വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും,ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായാണു മഴ കനക്കുക. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.