സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.

കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. കേരളത്തിനടുത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചുഴലിക്കാറ്റാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് അറിയിപ്പ്.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.