കേരളത്തിൽ ഇന്ന് മഴ കനക്കും; മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എട്ടാം തീയതി വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 6, 7, 8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊമോറിൻ പ്രദേശത്തിന് മുകളിൽ, ഒരു ചക്രവാതചുഴി നിലവിലുണ്ട്. ഇതിന്‍റെ ഫലമായി വ്യാപകമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം നടത്തരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് ഇന്ന് ലക്ഷദ്വീപ് തീരത്തും പുറത്തും സാധ്യതയുണ്ട്.