കനത്ത മഴ: തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയിൽ ഗതാഗത തടസം
തിരുവനന്തപുരം: ചുള്ളിമാനൂർ വഞ്ചുവത്ത് മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ ഗതാഗത തടസ്സം. 20 അടി ഉയരമുള്ള മൺകൂന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റോഡിന്‍റെ ഒരു വശത്തെ മണ്ണ് നീക്കി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉച്ച മുതൽ പമ്പയിലും സന്നിധാനത്തും കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആലപ്പുഴയിലും കൊല്ലത്തും ഇടവിട്ട് പെയ്ത കനത്ത മഴയ്ക്ക് അൽപ്പം ശമനമുണ്ട്. കുട്ടനാട്ടിൽ മഴ രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ ബാധിക്കും.