കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിലും ജാഗ്രത പാലിക്കണം. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ ടീമിനെ വീതം സജ്ജമാക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
സംസ്ഥാനത്ത് അടുത്ത 5 ദിവസവും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി കാണുന്നു. തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), തൊടുപുഴ (ഇടുക്കി) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം.