വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്‍

റാഞ്ചി: ജാർഖണ്ഡിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സഖ്യം വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. ക്വാറി ലൈസൻസ് കേസിൽ സോറനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ ജാർഖണ്ഡിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കലാപത്തിന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ആഭ്യന്തര യുദ്ധസമാനമായ സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചതെന്ന് ഹേമന്ത് സോറൻ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ വാങ്ങിയതിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം ജനാധിപത്യത്തെ നശിപ്പിച്ചു. നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും ഹേമന്ത് സോറൻ ആരോപിച്ചു. ആളുകൾ വസ്ത്രങ്ങളും റേഷനുകളും പലവ്യഞ്ജനങ്ങളും വാങ്ങുന്നുവെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.