ഇതാ ബിസിനസുകാരനായ എന്റെ ഭർത്താവ്; വിവാഹ വാർത്തകളെ പരിഹസിച്ച് തമന്ന

നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനെന്നും കഴിഞ്ഞ ഏതാനും ദിനങ്ങളായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമന്ന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. പുരുഷ വേഷത്തിലുള്ള തമന്ന തന്നെയാണ് വീഡിയോയിലുള്ളത്. എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു എന്ന തരത്തിൽ ഹാഷ്ടാ​ഗും അവർ ഒപ്പം ചേർത്തിട്ടുണ്ട്. വിവാഹ വാർത്തകളെയെല്ലാം പരിഹസിക്കുകയാണ് ഈ വീഡിയോയിലൂടെ തമന്ന.

മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ​ഹം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. എന്നാൽ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ഒരു ദേശീയ മാധ്യമത്തോട് തമന്ന പ്രതികരിച്ചിരുന്നു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കിയിരുന്നു.