‘ഇയ്യാള് നമ്മളെ കുഴപ്പത്തിലാക്കും’; ആ ആത്മഗതം ജലീലിന് എതിരെയല്ലെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: ഇടത് സഹയാത്രികനായ കെ.ടി ജലീൽ എം.എൽ.എ സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കെ.കെ ശൈലജ എംഎൽഎയുടെ ആത്മഗതം. ‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ ശൈലജയുടെ വാക്കുകൾ നിയമസഭയിൽ കൗതുകമുണർത്തി. കെ.ടി. ജലീൽ സഭയിൽ സംസാരിക്കുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച കെ.കെ.ശൈലജ പ്രസംഗം നിർത്തി സീറ്റിൽ ഇരുന്നുകൊണ്ട് മൃദുവായി പറഞ്ഞതാണ് ഈ കാര്യം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘ആത്മഗതം’ പരസ്യമാവുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ശൈലജ വിശദീകരണവുമായി രംഗത്തെത്തിയത്. ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ.കെ ശൈലജ സംസാരിക്കുന്നതിനിടെയാണ് കെ.ടി ജലീൽ സംസാരിക്കാൻ അനുമതി തേടിയത്. പ്രസംഗ സമയത്ത് മറ്റൊരാൾക്ക് ഇടപെട്ട് സംസാരിക്കാൻ അവസരം നൽകുന്നതിനെ വഴങ്ങുക എന്നാണ് സഭാ നടപടി പ്രകാരം പറയുന്നത്. സ്പീക്കർ പ്രസംഗിക്കാൻ അനുവാദം നൽകിയ അംഗത്തിന്റെ സമയത്തിൽനിന്ന് രണ്ടാമത്തെയാൾ സംസാരിക്കുന്ന സമയം കുറവു ചെയ്യും. ജലീലിന് ഇടപെട്ട് സംസാരിക്കാൻ അനുവാദം നല്‍കി സീറ്റിലേക്കിരിക്കുമ്പോഴാണ് മൈക്ക് ഓൺ ആണെന്നറിയാതെ ശൈലജ ആത്മഗതം നടത്തിയത്.
ശൈലജ ഇത് തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്നത് സഭാ ടിവി ദൃശ്യങ്ങളിൽ കാണാം. ഒരു സാധാരണ പൗരൻ അർഹിക്കുന്ന നീതിയാണ് തനിക്ക് നഷ്ടമായതെന്ന് ലോകായുക്തയിലെ കേസ് അനുസ്മരിച്ചുകൊണ്ട് ജലീൽ പറഞ്ഞു. കേസ് ഫയൽ ചെയ്യുന്ന കാര്യം നോട്ടീസിൽ അറിയിച്ചിരുന്നില്ല. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും ജലീൽ പറഞ്ഞു. സംഭവം ചർച്ചയായതോടെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി കെകെ ശൈലജ രംഗത്തെത്തി.
കെ.കെ ശൈലജയുടെ വാക്കുകൾ
“നിയമസഭയിൽ ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ കെ.ടി.ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.”