‘ഹേയ് സിരി’ എന്നത് ഇനി ‘സിരി’; കമാൻഡിൽ മാറ്റം വരുത്താൻ ആപ്പിള്‍

ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരിയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നതിന് മുൻപ് പറയുന്ന കമാൻഡിൽ മാറ്റം. നേരത്തെ ‘ഹേയ് സിരി’ എന്ന് പറഞ്ഞിരുന്നത് ‘സിരി’ എന്നാക്കി മാറ്റാൻ കമ്പനി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മാസങ്ങളായി കമ്പനി ഈ മാറ്റത്തിനായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത വർഷമോ 2024ലോ ഈ മാറ്റം പ്രാബല്യത്തിൽ വന്നേക്കും. ഇത് നമ്മുക്ക് ഒരു ചെറിയ മാറ്റം പോലെ തോന്നുമെങ്കിലും, എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം, ഇതിനായി സിരിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിശീലിപ്പിക്കുന്ന പ്രക്രിയ വെല്ലുവിളി നിറഞ്ഞതാണ്. വിവിധ ഭാഷക്കാരുടെ വിവിധ ശൈലികളിൽ സിരിയെ പരിശീലിപ്പിക്കേണ്ടതുണ്ട്.

ഇപ്പോൾ, ഹോംപോഡിലും മറ്റും ആപ്പിളിന്‍റെ വോയ്സ് അസിസ്റ്റന്‍റ് ഹേയ് സിരി എന്ന് വിളിച്ചാണ് സജീവമാക്കുന്നത്. എന്നാൽ ഇപ്പോൾ സംഭാഷണങ്ങൾക്കിടയിൽ സിരി അപ്രതീക്ഷിതമായി ആക്റ്റിവേറ്റാവുന്ന ഒരു പ്രശ്നമുണ്ട്. ഈ സാഹചര്യത്തിലാണ് കമാൻഡ് മാറ്റാനുള്ള ശ്രമം നടക്കുന്നത്.