കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി; നരബലിയിൽ നടുക്കം രേഖപ്പെടുത്തി

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഇത് ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ്. കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അത്യാധുനികർ ആകാനുള്ള ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ നമുക്ക് വഴി തെറ്റുന്നു. ഇക്കാലത്ത് ആളുകൾ വിചിത്രമായാണ് പെരുമാറുന്നത്. വരുംതലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്‍റെ 54 വർഷത്തിനിടയിൽ ഇങ്ങനെയൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

മന്ത്രവാദത്തിന്‍റെ ഭാഗമായുള്ള നരബലിക്കായാണ് പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്‍റ് കാലടി, കടവന്ത്ര എന്നിവിടങ്ങളിൽ നിന്നാണ് സ്ത്രീകളെ തിരുവല്ലയിലെ ദമ്പതികൾക്കായി കൊണ്ടുപോയത്. തിരുവല്ല സ്വദേശി വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരെ നരഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന് പറഞ്ഞ് ഷാഫി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഇയാളുമായി ബന്ധപ്പെട്ടു. നരബലിയാണ് പരിഹാരമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഷാഫി അവരിൽ നിന്ന് പണം വാങ്ങി. തുടർന്ന് ആറുമാസം മുമ്പ് കാലടി സ്വദേശിനിയായ റോസിലിയെ തട്ടികൊണ്ടുപോയി നരബലി നടത്തി. കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബർ 26നാണ് ഒരാളെ കൂടി ബലി നൽകണമെന്ന് പറഞ്ഞ് കൊണ്ടുപോയത്. യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിഞ്ഞത്.