ഇനി പഴയ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് നിർബന്ധം

ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും 2019 മുതല്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഈ സംവിധാനം ഇനി പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇവയിൽ നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചത്.

ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളിലേക്കുള്ള ആദ്യപടിയായാണ് ഇതിനെ കാണുന്നത്. നമ്പർ പ്ലേറ്റിലെ ജി.പി.എസ്. സംവിധാനത്തിന്‍റെ സഹായത്തോടെ, ഓടുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. 2023 ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 1.5 ലക്ഷം വാഹനങ്ങളിൽ നിന്ന് ജിപിഎസ് അടിസ്ഥാനത്തിൽ ടോൾ പിരിവ് നടത്തുന്നുണ്ടെന്നും നിതിൻ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിൽ പകുതി ദൂരം യാത്ര ചെയ്യുന്നവർ പോലും മുഴുവൻ ടോൾ തുകയും നൽകണം. പുതിയ സാങ്കേതിക വിദ്യ നിലവിൽ വരുന്നതോടെ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രമേ ടോൾ നൽകേണ്ടി വരൂ. പുതിയതും പഴയതുമായ എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഈ സംവിധാനം എല്ലാ വാഹനങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.