‘ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും’; മുഖ്യമന്ത്രി പിണറായി

കണ്ണൂർ: കാർഷിക-വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അതുല്യമായ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ തളിപ്പറമ്പിലെ കില കാമ്പസിനെ അന്താരാഷ്ട്ര നേതൃത്വ പഠന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈ വർഷം തന്നെ ഇവിടെ ആരംഭിക്കും. 15 പേർ വീതം 45 പേർക്ക് പ്രവേശനം നൽകും. ഭരണരംഗത്ത് വഴികാട്ടികളാകുന്നവരെ ഇവിടെ നിന്ന് വളർത്തിയെടുക്കും. പൊതുപ്രവർത്തകർക്കുള്ള റസിഡൻഷ്യൽ പരിശീലനമാണ് ഈ കേന്ദ്രത്തിന്റെ മറ്റൊരു ആകർഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു.