ഇറാനില്‍ ഹിജാബ് പ്രതിഷേധം തുടരുന്നു; രണ്ട് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു
ടെഹ്റാന്‍: ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു. മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 185 ആയി. ഇതിൽ 19 കുട്ടികളും ഉൾപ്പെടുന്നു. സഹോദരനോടൊപ്പം ടെഹ്റാനിൽ എത്തിയ മഹ്സ അമിനി എന്ന കുർദ് വനിതയെയാണ് ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാൻ മത പോലീസ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് മഹ്സ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ഇറാനിൽ പ്രതിഷേധം അരങ്ങേറിയത്. രാജ്യത്തെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സ്ത്രീകളും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും തുടർന്ന് ഇതിനെ അടിച്ചമർത്താൻ ഇറാനിയൻ പോലീസിനെ രംഗത്തെത്തുകയുമായിരുന്നു.
കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സാനന്ദാജിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) അംഗവും ബാസിജ് അർദ്ധസൈനിക വിഭാഗത്തിലെ അംഗവും കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐആർജിസി, ബാസിജ് തുടങ്ങിയ സുരക്ഷാ സേനയിലെ 20 അംഗങ്ങൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധം പലപ്പോഴും കലാപങ്ങൾക്ക് സമാനമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും വെടിവയ്പ്പും നടത്തി. എന്നിരുന്നാലും, പ്രതിഷേധം പിന്നീട് രാജ്യത്തുടനീളം വ്യാപിച്ചു. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് പ്രത്യേക നിയമം പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മഹ്സ അമിനിയെ മത പോലീസ് പിടികൂടി മർദ്ദിച്ചത്. മതപൊലീസിന്‍റെ ക്രൂരമായ പീഡനം നേരിടേണ്ടി വന്ന മഹ്സ അമിനി ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി.