ഹിമാചൽ തിരഞ്ഞെടുപ്പ്,സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പിൽ
യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മീഷന്റെ ഭാഗത്ത് നിന്ന് നടത്തും.

പോളിംഗ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. താഴത്തെ നിലയിൽ തന്നെ ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 80 വയസിന് മുകളിലുള്ളവരുടെ വീടുകൾ സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തും. നടപടികൾ വീഡിയോയിൽ പകർത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിക്കാമെന്ന് രാജീവ് കുമാർ പറഞ്ഞു.  ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കും. കെവൈസി ആപ്പ് വഴി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. കേസ് വിവരങ്ങളും വസ്തുവകകളെക്കുറിച്ചുള്ള വിശദാംശങ്ങളും സഹിതം ആപ്പ് ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകൾ സുവിധ പോർട്ടൽ വഴി സമർപ്പിക്കുകയും റാലികൾക്ക് അനുമതി തേടുകയും ചെയ്യാം. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പണമിടപാടുകൾക്കും സൗജന്യ വിതരണങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ടാകും. അഴിമതി രഹിത തിരഞ്ഞെടുപ്പിന് ജനങ്ങൾ സഹായിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. സുരക്ഷിതമായും സുഗമമായും തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും രാജീവ് കുമാർ വ്യക്തമാക്കി.