‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആശയം അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കുന്ന വിവാദ ശുപാർശയ്ക്കെതിരെ സിപിഐ(എം) രംഗത്തെത്തി. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആശയം ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസിന്‍റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഇന്ത്യ വൈവിധ്യങ്ങളുടെ ആഘോഷമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കാനുള്ള വിവേചനപരമായ നീക്കവുമായാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ഹിന്ദി നിർബന്ധമാക്കാനുള്ള അജണ്ട മുൻനിർത്തി 112 ശുപാർശകളോട് കൂടിയ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുണ്ട്.