ഹിന്ദി ഭാഷ വിഷയം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

ചെന്നൈ: ഡി.എം.കെയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത്. എൻഡിഎ സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എഐഎഡിഎംകെയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ഹിന്ദി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കോൺഗ്രസ്, എംഡിഎംകെ, പിഎംകെ തുടങ്ങിയ പാർട്ടികളും പ്രതിഷേധിച്ചു.

ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്‍ററി സമിതിയുടെ ശുപാർശയെ തുടർന്നാണ് തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രതിഷേധം ഉയർന്നത്.

ഭാഷാ സമരത്തിന് വീണ്ടും നിർബന്ധിക്കരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടതെന്ന് ബിജെപി മനസ്സിലാക്കണമെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു. തമിഴ് നാട്ടിൽ ഹിന്ദിക്ക് ഒരു പ്രസക്തിയുമില്ലെന്നും ജയകുമാർ പറഞ്ഞു.