തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി
ന്യുഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52-ാം ജന്മദിനമാണ്. എന്നാൽ തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയി. രാജ്യം വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് രാഹുലിന്റെ നിലപാട്.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധമാണ് രാഹുലിൻറെ ജൻമദിനം ആഘോഷിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് രാഹുലിൻറെ പ്രസ്താവന ട്വീറ്റ് ചെയ്തത്. ഈ സമയത്ത് പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് രാഹുൽ പ്രവർത്തകരോട് പറഞ്ഞു.
അഗ്നിപഥിനെതിരെ ശക്തമായ വിമർശനങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രക്ഷോഭകർക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ തളർന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു. യുവാക്കളുടെ ആവശ്യാനുസരണം അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നും രാഹുൽ പറഞ്ഞു. കർഷക സമരത്തെ മോദി ഓർക്കുന്നില്ലേ, അതിലെ കർഷകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചതുപോലെ, ബിജെപിക്കും മോദിക്കും ഈ സമരത്തിന് മുന്നിൽ തലകുനിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.