ചേട്ടന് പകരം കളിക്കാനിറങ്ങി അനിയന്‍; സാക്ഷിയായി ഖത്തര്‍ ലോകകപ്പ്

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ്-ഓസ്ട്രേലിയ മത്സരം ചേട്ടന് പകരം അനിയൻ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ് എന്നീ സഹോദരങ്ങളായ ഫ്രാൻസ് താരങ്ങളാണ് ഒരാൾക്ക് പകരം മറ്റൊരാൾ എന്ന രീതിയിൽ കളിക്കാനിറങ്ങിയത്.

മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് ലൂക്കാസിന് കാൽമുട്ടിനു പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. അദ്ദേഹത്തിന് പകരം സഹോദരൻ തിയോ ആണ് മൽസരത്തിന് ഇറങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയ ലീഡ് നേടിയതിന് തൊട്ടുപിന്നാലെ സഹോദരങ്ങൾ തമ്മിലുള്ള സബ്സ്റ്റിറ്റ്യൂഷൻ നടന്നു.

രണ്ട് ഹെര്‍ണാന്‍ഡസുമാരും കളിക്കുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷനിലായതിനാല്‍ തന്നെ ഒരുമിച്ച് കളത്തിലുണ്ടാകാറില്ല. അതേസമയം ലൂക്കാസിനേറ്റ പരിക്കിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഗുരുതരമായ പരിക്കാണ് താരത്തിനേറ്റിരിക്കുന്നതെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം.